Friday, February 1, 2008

വിലോമശബ്ദ് ലിഖിയേ

“വിലോമശബ്ദ് ലിഖിയേ.....” ഏഴാം ക്ലാസിലെ ഓണപ്പരീക്ഷയുടെ ഹിന്ദിപ്പേപ്പറിലെ അടുത്ത ചൊദ്യം....

ഹോ.. ആറാം ക്ലാസിലാണ് ഹിന്ദി പഠിക്കാന്‍ തുടങ്ങിയത്...അക്ഷരമാല തന്നെ ഒരു കല്ലുകടിയാരുന്നു.
നേരേ എഴുതാനറിയില്ല പിന്നാ വിലോമ ശബ്ദം ലിഖുന്നത്...

രണ്ടു വാക്കുകള്‍ കൊടുത്തിട്ടുണ്ട് .ആദ്യത്തേത്‌ മീഠാ ... കൊള്ളാം ഇതിന്റെ വിപരീതം എനിക്കറിയാം കടുവ കടുവ....ഓ ഞാനൊരു പുലി തന്നെ.

ഇനി അടുത്തവാക്ക് നോക്കാം.... ‘ഖുശ്ബു ’!!! ഹയ്യോ എന്തോന്ന് ഖുശ്ബുവാ‍... ഇതിന്റെ വിപരീതം എന്തൊന്നടെ?? ഒരു പിടുത്തോം കിട്ടുന്നില്ലല്ലോ....

ഞാന്‍ പതുക്കെത്തിരിഞ്ഞ് ചുറ്റും നോക്കി .അപ്പുറത്തിരുന്ന തൈപ്പറമ്പിലെ ജസ്റ്റിന്‍(അശോകനല്ല) അടിച്ചുവിട്ടു പരീക്ഷയെഴുതുന്നു.
സൂപ്പര്‍വിഷനു നിക്കുന്ന ഗ്രേസിറ്റീച്ചര്‍ നോക്കുന്നുണ്ടൊ എന്ന് ഒളികണ്ണിട്ടുനോക്കിക്കോണ്ട് ഞാന്‍ അവനോട് ചോദിച്ചു.

“ശ്ശ്ശ്ശ്ശ്....... ശ്ശ്ശ്ശ്ശ്...... ഡേയ് ഖുശ്ബൂന്റെ വിപരീത പദം എന്തോന്നാ ”?

ആ അറിയില്ല.. എന്നവന്‍ ആഗ്യം കാണിച്ചു.
“ഡാ പറയെടാ... വൈകിട്ടു പോകുമ്പൊ ശക്കരമുട്ടായി വങ്ങിച്ചുതരാമെടാ....”ഞാനോന്നു ശബ്ദം താഴ്ത്തി യാചിച്ചു നോക്കി.

“സത്യായിട്ടും അറീല്ല....അല്ലെങ്കില്‍ ഞാനെന്തിനു ഓസിനുകിട്ടുന്ന ഒരു ശക്കരമുട്ടായി വേണ്ടെന്നുവക്കണം ”? നിഷ്ക്കളങ്കമായ അവന്റെ ചോദ്യം...

അതും ശരിയാണ് എന്നാപ്പോട്ടെ..... ,ബാക്കിയൊക്കെ എഴുതീട്ട് അവസാനം നൊക്കാമെന്ന് വച്ച് അതു വിട്ടുകളഞ്ഞു.

ബാക്കിയൊക്കെ ഒരുവിധം എഴുതിയൊപ്പിച്ച് രണ്ടാമതൊന്ന് വായിച്ചൊക്കെ നോക്കി...
എ-പാര്‍ട്ടിലെ ,സംശയം കാരണം വിട്ടുകളഞ്ഞ രണ്ടെണ്ണം കറക്കികുത്തി....പിന്നെയും ഖുശ്ബു തന്നെ പ്രശ്നം.. .

അപ്പൊഴാണ് റ്റീച്ചറിന്റെ അറിയിപ്പ് ...“ഇനി പത്ത് മിനിറ്റികൂടിയെ ഉള്ളൂ എല്ലാരും പേപ്പറ് കെട്ടിവച്ചിട്ടെഴുതിക്കോളൂ...”

“ഹി ഹി ചുമ്മാ പേടിപ്പിക്കാതെ ടീച്ചറെ.... ”പിന്നില്‍ നിന്നൊരു പതിഞ്ഞ ശബ്ദം...
ഞാന്‍ തിരിഞ്ഞുനോക്കുമ്പൊ ക്ലാസിലെ സ്ഥിരം തല്ലുകൊള്ളി രാഗേഷാണ്. അവനാദ്യത്തെ പത്തുമിനിറ്റില്‍ തന്നെ പേപ്പറുകെട്ടിവച്ചിട്ടിരിക്കുകയാണ്.

അപ്പുറത്തെ ക്ലാസില്‍നിന്നൊക്കെ പിള്ളേരിറങ്ങിക്കഴിഞ്ഞു...ഇനി ഇരുന്നിട്ട് കാര്യമില്ല, തല്‍ക്കാലം ഖുശ്ബുവിനെ വിട്ടുകളയാം. ഇത്ര വിഷമിക്കാനെന്താ ഉള്ളത് അതു മാത്രമായിട്ടൊന്നുമല്ലല്ലൊ വിടുന്നത്....വേറെയും നാലഞ്ചെണ്ണം വിട്ടിട്ടില്ലെ..എന്നൊക്കെയാലോചിച്ചു സമധാനിച്ചുകൊണ്ട് ഞാന്‍ പേപ്പറു കെട്ടിക്കൊണ്ടെണീറ്റു...

പേപ്പറും കൊടുത്തു പുറത്തിറങ്ങിയപ്പൊ ,ഇറങ്ങിയവരൊക്കെ മുറ്റത്ത് ചെറിയ കൂട്ടങ്ങളായി നിന്ന് ഡിസ്ക്കഷനിലാണ് ....ഒരു വശത്ത് കുറെ പെണ്‍പിള്ളേര് കൂടിനിന്നിട്ട് അയ്യോടീ ‘അതങ്ങനാരുന്നൊ’, ‘ഇതിങ്ങനാരുന്നോ ’എന്നൊക്കെ ചോദിക്കുന്നു..

ഞാന്‍ ജസ്റ്റിനൊപ്പം ഒരു കൂട്ടത്തിനടുത്തേക്കു ചെന്നു.

“ഡാ ... എങ്ങനുണ്ടാ‍രുന്നു പരീക്ഷ ” ? അപ്പുറത്തെ ക്ലാസിലെ അജേഷിന്റെ വക ചൊദ്യം.

“ആ കുഴപ്പമില്ലാരുന്നു.....”

നിങ്ങളാരേലും ‘ഖുശ്ബു’ന്റെ വിപരീതം എഴുതിയോ? ഞാന്‍ ആകാംക്ഷയോടെ ചൊദിച്ചു...
ഇല്ലാ‍ാ.... ...... ഒരു കോറസ് ....
ഓഹൊ അപ്പൊ മിക്കവാറും ആരുംതന്നെ എഴുതീട്ടില്ല...ഇനിയും ആളിറങ്ങി വരാനുണ്ടല്ലൊ ,അവരോടൊക്കെ ചോദിച്ചുനോക്കാമെന്നുകരുതി ഞാന്‍ വാതില്‍ക്കലേക്ക് നോക്കി.
അപ്പൊ ദാ നമ്മുടെ ജിജൊ തങ്കച്ചന്‍ പുഞ്ചിരിയോടെ ഇറങ്ങിവരുന്നു...
“എടാ തങ്കച്ചായന്റെ മോനേ..... എല്ലാം എഴുതിയോ ”?

“ആ പിന്നില്ലാതെ ..... തകര്‍ത്തില്ലിയോ......”

അവന്റെ മറുപടി കേട്ട് ഞാന്‍ പിന്നെയും ചോദിച്ചു. അല്ലാ... നീ ഖുശ്ബു ന്റെ ഓപ്പോസിറ്റും എഴുതിയോ?

“ഓ .... എഴുതിയല്ലൊ..... എന്താ നിങ്ങളാരും എഴുതിയില്ലേ ”??

“ഇല്ല..... ഞങ്ങള്‍ക്കറിയില്ലാരുന്നു.....”എന്താ അതിന്റെ വിപരീതപദം??
എല്ലാരും ആകാക്ഷയോടെ അവനെ നോക്കി....
നടക്കാന്‍ തുടങ്ങിയ അവന്‍ തിരിഞ്ഞുനിന്നോണ്ടു പറഞ്ഞു...


‘ഖുശ്ബു’ന്റെ ഓപ്പോസിറ്റ് ‘ പ്രഭു ’ ........ ഹല്ല പിന്നെ.......!!!


24 comments:

siva // ശിവ said...

നല്ല തമാശ. എനിക്കിപ്പ്പ്പോള്‍ ഓര്‍മ്മ വരുന്നത്‌ ആരോ പറഞ്ഞു കേട്ട വേരൊരു തമാശയാണു. ഒരാള്‍ നാഷണാലിറ്റിയുടെ കോളത്തില്‍ 'ഇന്‍ഡ്യന്‍' എന്നു പൂരിപ്പിച്ചപ്പോള്‍ തൊട്ടടുത്ത ആള്‍ 'കാതലന്‍' എന്നു പൂരിപ്പിച്ചു...

Pongummoodan said...

കാനനവാസാ,
ഉഗ്രനായിരിക്കുന്നു.
ഹല്ല...പിന്നേ.. !!!
:)

പ്രയാസി said...

യെ കഹാനി പട്കെ മെം ബഹുത് ഖുഷി മേം ഹൂം, ഹൊ, ഹൈ..!

ഹ,ഹ കലക്കി മാഷെ..:)

നിരക്ഷരൻ said...

കാനനവാസാ കലക്കി.
ശിവകുമാറിന്റെ കമന്റും ഇഷ്ടപ്പെട്ടു.

ഹരിശ്രീ said...

ഖുശ്ബു’ന്റെ ഓപ്പോസിറ്റ് ‘ പ്രഭു ’ ........ ഹല്ല പിന്നെ.......!!!



ഹ..ഹ..ഹ കാനന വാസാ കൊള്ളാം...

ഭായ്,
യഹ് മുചെ ബഹുത് പസ്ന്ദ് ആയാ...

കാനനവാസന്‍ said...

ഹ ഹ..ശിവകുമാര്‍ ...‘നാഷണാലിറ്റി’ അടിപോളിയായി :)
വന്നതിന് നന്ദി മാഷേ......

പോങ്ങുമ്മൂടന്‍ മാഷേ...താങ്ക്സ്..

പ്രയാസി മാഷേ..വന്നതിനു നന്ദി..
ആപ് ബഹുത് ഖുഷി മെം ഹോ?യേ ജാന്‍കെ മെം ഭി ഖുഷ് ഹും...ഹൈ ഹൊ ... ഹാവൂ :)

നിരക്ഷരന്‍ ചേട്ടാ...സന്തോഷം :)

ഹരിശ്രീ മാഷേ...അഭിപ്രായത്തിനു നന്ദി..:)
ബഹുത് ബഹുത് ധന്യവാദ് ഹെ....ഹല്ല പിന്നെ :)

ഭൂമിപുത്രി said...

അതുഞാന്‍ അപ്പഴേ ഊഹിച്ചു:)

നവരുചിയന്‍ said...

ഈ പോസ്റ്റ് കാണാന്‍ ഞാന്‍ വൈകി പോയി ....
എന്തായാലും ഈ നുറുങ്ങു തമാശ കഥകള്‍ എനിക്ക് ഒത്തിരി ഇഷ്ടമായി .

Typist | എഴുത്തുകാരി said...

കാനനവാസാ, സ്വാമി ശരണം.

ഖുശ്ബുവിന്റെ ഓപ്പോസിറ്റ് പ്രഭുവല്ലാതെ മറ്റാരാ, അതിലെന്താത്ര സംശയിക്കാന്‍.

Unknown said...

ഹഹ്ഹാഹാ.. എന്റെ കാനനവാസോ... കലക്കി... ഞാന്‍ ഒരുപാടു നേരം ഇരുന്നു ചിരിച്ചു.

കാനനവാസന്‍ said...

ഭൂമിപുത്രി: ഊഹിച്ചു അല്ലേ...ബ്ലോഗായതുകൊണ്ട് സാരമില്ല,ഇടക്കുകേറി പറയാന്‍ പറ്റില്ലല്ലോ...ഹാവൂ.....
ഇതുവഴി വന്നതിനു താങ്ക്സുണ്ട് കേട്ടോ... :)

നവരുചിയന്‍ : പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം......... :)

എഴുത്തുകാരി: സ്വാമി ശരണം.. ഇല്ല ഇപ്പൊ ഒരു സംശയവും ഇല്ല............... :)

തല്ലുകൊള്ളി : ഈ കത്തികള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം മാഷേ..... :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സ്വാമിയേ ശരണമയ്യപ്പോ...............

ഗീത said...

ഞാനും അതുതന്നെ ഓര്‍ക്കുകയായിരുന്നു...
‘പ്രഭു’ എന്ന് എന്തേ കാനനവാസന് strike ചെയ്യാത്തതെന്ന്‌!

കുറ്റ്യാടിക്കാരന്‍|Suhair said...

കാനന്‍സ്‌...
ഞാനും ഊഹിച്ചു പ്രഭുവായിരിക്കുമ്ന്ന്... പക്ഷെ രസമുണ്ട്‌ട്ടോ വായിക്കാന്‍...

വല്യ ഹിന്ദിക്കാരനല്ലേ, ".......നിന്ന്യാനബ്ബേ..." എന്നു പറഞ്ഞാലെന്താ?

കാനനവാസന്‍ said...

മിന്നാമിനുങ്ങുകള്‍ : സ്വാമി ശരണം ...
:)
ഗീതേച്ചീ: എന്നാ ചെയ്യാനാന്നെ അന്ന് ഒന്നുമങ്ങോട്ട് സ്ടൈക്ക് ചെയ്തില്ലാ.. :)

കുറ്റ്യാടിക്കാരാ:വന്നതിനു നന്ദി.. .. :)പിന്നെ ‘നിന്ന്യാനബ്ബെ’ എന്നുവച്ചാല്‍ ‘നിന്നെയാണു കൂവ്വേ’ എന്നു ഞങ്ങള്‍ മദ്ധ്യതിരുവിതാംകൂറുകാ‍രു പറയണപോലെ വടക്കുള്ളവര്‍ പറയുന്നതാരിക്കും (‘നിന്നെയാണ് അബേ’)... :D

കൊസ്രാക്കൊള്ളി said...

കനനവാസാ കലിയുഗ വരദാ
എത്രമനോഹരം വിപരീത നര്‍മം

ബ്ലോഗിലമ്മേ ശരണം എന്നു കൂടി പറയൂ

jyothi said...

ലളിതമായ ശൈലി...ഇഷ്ടപ്പെട്ടു.

Rafeeq said...

കലക്കി..

Gopan | ഗോപന്‍ said...

കാനനവാസാ,
നര്‍മം കലക്കി..
ഹല്ല...പിന്നേ.. !
അഭിനന്ദനങ്ങള്‍ !

കാനനവാസന്‍ said...

കൊസ്രാക്കൊള്ളി : വന്നതിന് നന്ദി :)
ബ്ലോഗിലമ്മക്കും ഇരിക്കട്ടെ ഒരു ശരണം...

ജ്യോതിര്‍മയി :നന്ദി :)

റഫീക് : ഈവഴി വന്ന് ഈ കത്തിയൊക്കെ വായിച്ചതിന് നന്ദി :)

ഗോപന്‍ജി :സന്തോഷം :)

Rare Rose said...

ഹി..ഹി..അതു കലക്കീട്ടാ കാനനവാസാ..ഇത്തിരിയേ ഉള്ളൂവെങ്കിലും ഒത്തിരി ചിരിപ്പിച്ചു.....:-)

സര്‍ഗ്ഗ said...

ശരിക്കും കലക്കിട്ടുണ്ടൂ....നല്ലോണം ചിരിച്ചു....
‘ഖുശ്ബു’ന്റെ ഓപ്പോസിറ്റ് ‘ പ്രഭു ’ ........ ഹല്ല പിന്നെ.......!!!
ഒത്തിരി ഇഷ്ടപ്പെട്ടു ഈ നര്‍മ്മം............
:-)...:-)

കുഞ്ഞന്‍ said...

ഹഹ...

ഇന്‍സ്റ്റന്റ് ഉത്തരം..!

ജിജൊ തങ്കച്ചന്‍ ഇപ്പോഴെവിടെയാണ്, അങ്ങേരുടെ കുറെ നമ്പറുകള്‍ പ്രതീക്ഷിക്കാമല്ലൊ..

d said...

:) അത് കലക്കി.. കൂട്ടുകാരന്‍ ആളൊരു രസികന്‍ തന്നെ..