Wednesday, April 16, 2008

ഒരു റിയാലിറ്റി ഷോ(ക്ക്‌)


സമയം രാത്രി 12:00 മണി.. ഔസേപ്പച്ചായന്‍ നല്ല ഉറക്കത്തിലായിരുന്നു.
പെട്ടന്നാണ്‌ ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങിയത്‌... ട്രീണീം.. ട്രീണീം....

ഔസേപ്പച്ചായന്‍ ചാടിയെണീറ്റു. ഫോണിലേക്കു തുറിച്ചു നോക്കി. ആകെപ്പാടെ തലക്ക്‌ ഒരു മരവിപ്പ്‌, പതുക്കെ ബൂട്ടായി വരുന്നതെ ഉള്ളൂ.. രാത്രി ,ചാനലുകളിലെ പ്രേത സീരിയലുകളെല്ലാം കണ്ടിട്ടാണ്‌ കിടന്നത്‌.
ആകെപ്പാടെ ഒരു വെപ്രാളം... വെറയല്‌... ഫോണ്‍ കെടന്ന് അടിയോടടി..

ആരാണാവോ ഈ പാതിരാത്രീല്? ചാടി ഫോണ്‍ എടുത്തു... ഹ്‌ .ഹ.. ഹലൊ....
ഗാഢമായ ഉറക്കത്തില്‍ നിന്നെണീറ്റ കാരണം ശബ്ദം പെട്ടന്ന് പുറത്തേക്കു വന്നില്ല..
അപ്പുറം നിശബ്ദം. കാതോര്‍ത്തു, ഒരു വല്ലാത്ത നിശബ്ദത. ഔസേപ്പച്ചായന്റെ നെഞ്ചിടിപ്പ് കൂടി.

അല്‌പം കഴിഞ്ഞപ്പോള്‍ അപ്പുറത്തു നിന്നും ഒരു പാട്ടൊഴുകി വരുന്നു... അതും ഒരു സ്ത്രീ ശബ്ദത്തില്‍ !


“ഓ.....ഓ..... ഓ ....ഓ.........”
“പുതുമഴയായ്‌ വന്നൂ നീ‍ ........”
“പുളകം കൊണ്ടു പോതിഞ്ഞൂ നീ......”
“ഒരേ മനസായി നാം .............. ”
“ഉടലറിയാതെ , ഉയിരറിയാതെ... ......”
“അണയൂ നീയെന്‍ ജീവനില്‍.....”


അച്ചായന്‍ വിറച്ചു പോയി .
ഹെന്റമ്മോ !!!!!! ആകാശഗംഗ....അറിയാതെ ശബ്ദം പുറത്തുവന്നു.
പെട്ടന്ന് പാട്ടു നിന്നു.

ഹലൊ ഹലൊ ആരാ ഇതു ? അപ്പുറത്ത്‌ നിന്നൊരു ചോദ്യം
ഹതു കൊള്ളാം !!! എന്നെ വിളിച്ച്‌ പാട്ടുപാടി പേടിപ്പിച്ചതും പോര ഇപ്പൊ ആരാന്നൊ ? ഇതാരാ?

ഞാന്‍ ലക്ഷ്മി..

ലക്ഷ്മിയൊ? ഏത് ലക്ഷ്മി?

ഇതു 2233445 അല്ലെ?

2233445 അല്ലല്ലൊ...ഇതു 2233446 ആണ്‌..

അയ്യൊ സോറി... നമ്പര്‍ മാറി പോയി.

നമ്പര്‍ മാറിപോയൊ? എന്തൊന്ന് മാറിപ്പോയി ? നീയെന്തിനാ കൊച്ചേ പാതിരാത്രിക്ക്‌ എന്നെ വിളിച്ച്‌ കണ്ട പ്രേതങ്ങളുടെ പാട്ടൊക്കെ പാടി പേടിപ്പിക്കുന്നത്‌ ?ഞാനിപ്പം പേടിച്ച്‌ കാഞ്ഞുപോയേനെമാരുന്നല്ലോ.......

അയ്യൊ ചേട്ടാ ഒരബ്ബദ്ധം പറ്റീതാ..
ഞാന്‍ ശെരിക്കും ഒരു ചാനലിലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ വേണ്ടി, അവരു റ്റിവിയില്‍ കാണിച്ച നംബറില്‍ വിളിച്ച്‌ പാടിയതാ.. നമ്പര്‍ മാറിപ്പോയി.. ക്ഷമിക്കണം!!!

അതു ശരി..അതിനു നിനക്കീ പാതിരാത്രി തന്നെ വിളിക്കണോ കൊച്ചെ? പകല്‍ സമയത്തെങ്ങാണും വിളിച്ചാപ്പോരെ?

രാതി 12:00 മണി കഴിഞ്ഞാകുമ്പോള്‍ അധികം തിരക്കുണ്ടാവില്ലല്ലൊ എന്നു കരുതി..

എന്തായാലും എന്റെ നല്ല ജീവന്‍ പോയി .ഫോണ്‍ വച്ചിട്ടു പോയിക്കിടന്നുറങ്ങു കൊച്ചേ.....

ഠപ്പ്‌ ... അപ്പുറത്ത്‌ ഫോണ്‍ കട്ടാകുന്ന ഒച്ച...

ഔസേപ്പച്ചായന്‍ നെടുവീര്‍പ്പിട്ടു,ആകെപ്പാടെ വിയര്‍ത്തു കുളിച്ചു..

ഹെന്റെ കര്‍ത്താവെ ! ഈ ചാനലുകാരെ ക്കൊണ്ടു തോറ്റല്ലൊ !! വൈകുന്നെരം റ്റിവി വെക്കാന്‍ പറ്റൂല്ല..
ഒള്ള ദൈവങ്ങളും പ്രേതങ്ങളും എല്ലം എറങ്ങി നടക്കുവല്ലെ.
അതു കണ്ടു പേടിച്ചു കിടന്നപ്പോളാ... ഒരു റിയാലിറ്റി ഷൊ...

പാട്ടു മത്സരം ആയതു ഭാഗ്യം !!!
ആ ഡാന്‍സ്‌ ഷോക്കാരെങ്ങാനും രാത്രി വിളിച്ചുണര്‍ത്തി "ഒരു മുറൈ വന്തു പാര്‍ത്തായ" ,അവതരിപ്പിച്ചിരുന്നെല്‍ , ഞാന്‍ ഇപ്പൊ ഈ ഭൂമീന്നുതന്നെ എലിമിനേറ്റായിപ്പോയേനെ ... ഹാവൂ.... .


Friday, February 1, 2008

വിലോമശബ്ദ് ലിഖിയേ

“വിലോമശബ്ദ് ലിഖിയേ.....” ഏഴാം ക്ലാസിലെ ഓണപ്പരീക്ഷയുടെ ഹിന്ദിപ്പേപ്പറിലെ അടുത്ത ചൊദ്യം....

ഹോ.. ആറാം ക്ലാസിലാണ് ഹിന്ദി പഠിക്കാന്‍ തുടങ്ങിയത്...അക്ഷരമാല തന്നെ ഒരു കല്ലുകടിയാരുന്നു.
നേരേ എഴുതാനറിയില്ല പിന്നാ വിലോമ ശബ്ദം ലിഖുന്നത്...

രണ്ടു വാക്കുകള്‍ കൊടുത്തിട്ടുണ്ട് .ആദ്യത്തേത്‌ മീഠാ ... കൊള്ളാം ഇതിന്റെ വിപരീതം എനിക്കറിയാം കടുവ കടുവ....ഓ ഞാനൊരു പുലി തന്നെ.

ഇനി അടുത്തവാക്ക് നോക്കാം.... ‘ഖുശ്ബു ’!!! ഹയ്യോ എന്തോന്ന് ഖുശ്ബുവാ‍... ഇതിന്റെ വിപരീതം എന്തൊന്നടെ?? ഒരു പിടുത്തോം കിട്ടുന്നില്ലല്ലോ....

ഞാന്‍ പതുക്കെത്തിരിഞ്ഞ് ചുറ്റും നോക്കി .അപ്പുറത്തിരുന്ന തൈപ്പറമ്പിലെ ജസ്റ്റിന്‍(അശോകനല്ല) അടിച്ചുവിട്ടു പരീക്ഷയെഴുതുന്നു.
സൂപ്പര്‍വിഷനു നിക്കുന്ന ഗ്രേസിറ്റീച്ചര്‍ നോക്കുന്നുണ്ടൊ എന്ന് ഒളികണ്ണിട്ടുനോക്കിക്കോണ്ട് ഞാന്‍ അവനോട് ചോദിച്ചു.

“ശ്ശ്ശ്ശ്ശ്....... ശ്ശ്ശ്ശ്ശ്...... ഡേയ് ഖുശ്ബൂന്റെ വിപരീത പദം എന്തോന്നാ ”?

ആ അറിയില്ല.. എന്നവന്‍ ആഗ്യം കാണിച്ചു.
“ഡാ പറയെടാ... വൈകിട്ടു പോകുമ്പൊ ശക്കരമുട്ടായി വങ്ങിച്ചുതരാമെടാ....”ഞാനോന്നു ശബ്ദം താഴ്ത്തി യാചിച്ചു നോക്കി.

“സത്യായിട്ടും അറീല്ല....അല്ലെങ്കില്‍ ഞാനെന്തിനു ഓസിനുകിട്ടുന്ന ഒരു ശക്കരമുട്ടായി വേണ്ടെന്നുവക്കണം ”? നിഷ്ക്കളങ്കമായ അവന്റെ ചോദ്യം...

അതും ശരിയാണ് എന്നാപ്പോട്ടെ..... ,ബാക്കിയൊക്കെ എഴുതീട്ട് അവസാനം നൊക്കാമെന്ന് വച്ച് അതു വിട്ടുകളഞ്ഞു.

ബാക്കിയൊക്കെ ഒരുവിധം എഴുതിയൊപ്പിച്ച് രണ്ടാമതൊന്ന് വായിച്ചൊക്കെ നോക്കി...
എ-പാര്‍ട്ടിലെ ,സംശയം കാരണം വിട്ടുകളഞ്ഞ രണ്ടെണ്ണം കറക്കികുത്തി....പിന്നെയും ഖുശ്ബു തന്നെ പ്രശ്നം.. .

അപ്പൊഴാണ് റ്റീച്ചറിന്റെ അറിയിപ്പ് ...“ഇനി പത്ത് മിനിറ്റികൂടിയെ ഉള്ളൂ എല്ലാരും പേപ്പറ് കെട്ടിവച്ചിട്ടെഴുതിക്കോളൂ...”

“ഹി ഹി ചുമ്മാ പേടിപ്പിക്കാതെ ടീച്ചറെ.... ”പിന്നില്‍ നിന്നൊരു പതിഞ്ഞ ശബ്ദം...
ഞാന്‍ തിരിഞ്ഞുനോക്കുമ്പൊ ക്ലാസിലെ സ്ഥിരം തല്ലുകൊള്ളി രാഗേഷാണ്. അവനാദ്യത്തെ പത്തുമിനിറ്റില്‍ തന്നെ പേപ്പറുകെട്ടിവച്ചിട്ടിരിക്കുകയാണ്.

അപ്പുറത്തെ ക്ലാസില്‍നിന്നൊക്കെ പിള്ളേരിറങ്ങിക്കഴിഞ്ഞു...ഇനി ഇരുന്നിട്ട് കാര്യമില്ല, തല്‍ക്കാലം ഖുശ്ബുവിനെ വിട്ടുകളയാം. ഇത്ര വിഷമിക്കാനെന്താ ഉള്ളത് അതു മാത്രമായിട്ടൊന്നുമല്ലല്ലൊ വിടുന്നത്....വേറെയും നാലഞ്ചെണ്ണം വിട്ടിട്ടില്ലെ..എന്നൊക്കെയാലോചിച്ചു സമധാനിച്ചുകൊണ്ട് ഞാന്‍ പേപ്പറു കെട്ടിക്കൊണ്ടെണീറ്റു...

പേപ്പറും കൊടുത്തു പുറത്തിറങ്ങിയപ്പൊ ,ഇറങ്ങിയവരൊക്കെ മുറ്റത്ത് ചെറിയ കൂട്ടങ്ങളായി നിന്ന് ഡിസ്ക്കഷനിലാണ് ....ഒരു വശത്ത് കുറെ പെണ്‍പിള്ളേര് കൂടിനിന്നിട്ട് അയ്യോടീ ‘അതങ്ങനാരുന്നൊ’, ‘ഇതിങ്ങനാരുന്നോ ’എന്നൊക്കെ ചോദിക്കുന്നു..

ഞാന്‍ ജസ്റ്റിനൊപ്പം ഒരു കൂട്ടത്തിനടുത്തേക്കു ചെന്നു.

“ഡാ ... എങ്ങനുണ്ടാ‍രുന്നു പരീക്ഷ ” ? അപ്പുറത്തെ ക്ലാസിലെ അജേഷിന്റെ വക ചൊദ്യം.

“ആ കുഴപ്പമില്ലാരുന്നു.....”

നിങ്ങളാരേലും ‘ഖുശ്ബു’ന്റെ വിപരീതം എഴുതിയോ? ഞാന്‍ ആകാംക്ഷയോടെ ചൊദിച്ചു...
ഇല്ലാ‍ാ.... ...... ഒരു കോറസ് ....
ഓഹൊ അപ്പൊ മിക്കവാറും ആരുംതന്നെ എഴുതീട്ടില്ല...ഇനിയും ആളിറങ്ങി വരാനുണ്ടല്ലൊ ,അവരോടൊക്കെ ചോദിച്ചുനോക്കാമെന്നുകരുതി ഞാന്‍ വാതില്‍ക്കലേക്ക് നോക്കി.
അപ്പൊ ദാ നമ്മുടെ ജിജൊ തങ്കച്ചന്‍ പുഞ്ചിരിയോടെ ഇറങ്ങിവരുന്നു...
“എടാ തങ്കച്ചായന്റെ മോനേ..... എല്ലാം എഴുതിയോ ”?

“ആ പിന്നില്ലാതെ ..... തകര്‍ത്തില്ലിയോ......”

അവന്റെ മറുപടി കേട്ട് ഞാന്‍ പിന്നെയും ചോദിച്ചു. അല്ലാ... നീ ഖുശ്ബു ന്റെ ഓപ്പോസിറ്റും എഴുതിയോ?

“ഓ .... എഴുതിയല്ലൊ..... എന്താ നിങ്ങളാരും എഴുതിയില്ലേ ”??

“ഇല്ല..... ഞങ്ങള്‍ക്കറിയില്ലാരുന്നു.....”എന്താ അതിന്റെ വിപരീതപദം??
എല്ലാരും ആകാക്ഷയോടെ അവനെ നോക്കി....
നടക്കാന്‍ തുടങ്ങിയ അവന്‍ തിരിഞ്ഞുനിന്നോണ്ടു പറഞ്ഞു...


‘ഖുശ്ബു’ന്റെ ഓപ്പോസിറ്റ് ‘ പ്രഭു ’ ........ ഹല്ല പിന്നെ.......!!!